യുഎസില്‍ നിന്ന് ആയുധം വാങ്ങല്‍ തുടരും, ഇടപാടുകളില്‍ മാറ്റമില്ലെന്ന് പ്രതിരോധ മന്ത്രാലയം
ന്യൂഡല്‍ഹി: താരിഫ് തര്‍ക്കത്തിനിടെ അമേരിക്കയില്‍ നിന്നുള്ള ആയുധം വാങ്ങല്‍ ഇന്ത്യ നിര്‍ത്തുന്നു എന്നുള്ള റിപ്പോര്‍ട്ടുകള്‍ തള്ളി പ്രതിരോധ മന്ത്രാലയം. ആയുധ ഇടപാടുകള്‍ ഇന്ത്യ മരവിപ്പിക്കുന്നു എന്ന നിലയില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ കെട്ടുകഥകള്‍ മാത്രമാണെന്നാണ് മന്ത്രാലയം നല്‍കുന്ന വിശദീകരണം. യുഎസില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിച്ചിരുന്ന ആയുധങ്ങളുമായി ബന്ധപ്പെട്ട നടപടികള്‍ പുരോഗമിക്കുകയാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു. ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് താരിഫ് നിരക്ക് 25 ശതമാനമാക്കി ഉയര്‍ത്തിയ യുഎസ് നടപടിക്ക് മറുപടിയായി ഇന്ത്യ ആയുധ ഇടപാടുകള്‍ മരവിപ്പിക്കുന്നു എന്ന് വെള്ളിയാഴ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കേന്ദ്ര പ്രതിരോധമന്ത്രി നടത്താനിരുന്ന യുഎസ് സന്ദര്‍ശനം റദ്ദാക്കിയത് ഇന്ത്യ നിലപാട് കടുപ്പിക്കുന്നു എന്നതിന്റെ സൂചനയാണെന്നുമായിരുന്നു വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍, ഇന്ത്യ - യുഎസ് ആയുധ കരാര്‍ പ്രകാരമുള്ള ആയുധങ്ങള്‍ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നാണ് അധികൃതരുടെ വിശദീകരണം. ഇന്ത്യന്‍ വ്യോമ സേനയ്ക്കായി യുഎസില്‍ നിന്നും സ്‌ട്രൈക്കര്‍ കോംപാക്റ്റ് വെഹ്കിള്‍, ജാവലിന്‍ ആന്റി ടാങ്ക് മിസൈലുകള്‍, ആറ് എയര്‍ ക്രാഫ്റ്റുകള്‍ എന്നിവ എത്തിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ് എന്നുമാണ് വിദീകരണം.